Contacts
Info
ഖത്തര്‍ ലോകകപ്പ് വിശേഷങ്ങള്‍
| Qatar world cup
| Qatar world cup
18 DEC 2022 · ഇതാ... അര്‍ജന്റീന.... ഇതാ....മെസ്സി...ഇതാ ലോകകിരീടം... മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകിരീടം നേടുന്നത്. 2014 ഫൈനലില്‍ നഷ്ടപ്പെട്ട കിരീടം മെസ്സി ഇതാ സ്വന്തമാക്കിയിരിക്കുന്നു.
16 DEC 2022 · ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഞായറാഴ്ച രാത്രി അന്ത്യമാകും. മെസിയുടെ അര്‍ജന്റീനയൊ എംബാപ്പെയുടെ ഫ്രാന്‍സോ ആരാകും വിശ്വകിരീടത്തില്‍ മുത്തമിടുക എന്നറിയാന്‍ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. മെസിയും എംബാപ്പെയും നേതൃത്വം നല്‍കുന്ന ടീമുകള്‍ തമ്മില്‍ മാത്രമല്ല മത്സരം. അതിനും അപ്പുറത്തേക്ക് നീങ്ങുന്നതാണ് ഖത്തര്‍ലോകകപ്പിന്റെ കലാശക്കൊട്ട്. ഫൈനലിന്റെ വിശേഷങ്ങളുമായി മാതൃഭൂമി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഒ.ആര്‍ രാമചന്ദ്രന്‍. മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ സി.പി വിജയകൃഷ്ണന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്
14 DEC 2022 · പുതുചരിത്രം പിറന്നില്ല. ആഫ്രിക്കന്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നില്ല. ലോകകപ്പിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കൊമ്പുകോര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. അമ്പത് കൊല്ലം മുന്‍പ് നാട്ടില്‍നിന്ന് ഫ്രഞ്ച് സേനയെ സ്വന്തം മണ്ണില്‍നിന്ന് തുരത്തിയ മൊറോക്കോക്കാര്‍ക്ക് അതേ പോരാട്ടവീറ്, ചരിത്രം കളമൊരുക്കിയ ലോകകപ്പ് സെമിയില്‍ ആവര്‍ത്തിക്കാനായില്ല. ലോകകപ്പ് ഫൈനല്‍ പ്രവേശം എന്ന അവരുടെ ചിരകാല സുവര്‍ണസ്വപ്നം ഫ്രഞ്ച് കരുത്തിനും അനുഭവസമ്പത്തിനും മുന്നില്‍ വീണു പൊലിഞ്ഞു.
അവസാന ശ്വാസംവരെ വീറോടെ പൊരുതിയ ആഫ്രിക്കന്‍ കരുത്തര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ വഴങ്ങിയാണ് നിലവിലെ ചാമ്പ്യന്മാരോട് അടിയറവു പറഞ്ഞത്. മൊറോക്കന്‍ ആക്രമണത്തിന് മുന്നില്‍ പലപ്പോഴും വിറച്ചുപോയിരുന്ന ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലായി. ചരിത്രത്തിലെ നാലാമത്തെ ഫൈനലും.
മത്സരത്തിന്റെ കൂടുതല്‍ വിവരണങ്ങളുമായി മാതൃഭൂമി പ്രതിനിധികള്‍ ചേരുന്നു. സൗണ്ട് മിക്സിങ് - സൗരവ്
13 DEC 2022 · ചുംബിക്കുന്നെങ്കില്‍ ഈ പാദം ചുംബിക്കണം. വാഴ്ത്തുന്നെങ്കില്‍ ഈ നാമം വാഴ്ത്തണം. ലയണല്‍ മെസ്സി... ഈ പേരിനോട് അര്‍ജന്റീന മാത്രമല്ല, മാന്ത്രിക ഫുട്‌ബോളിന്റെ ആരാധകരെല്ലാം കടപ്പെട്ടിരിക്കുന്നു. അതായിരുന്നു സെമി കണ്ട അത്ഭുതം. പലകുറി ആവര്‍ത്തിച്ച് ചാരുത ചോര്‍ന്ന പദമെങ്കിലും വസന്തമായി വിടര്‍ന്നു വിലസിയ ഈ മെസ്സി മാജിക്കിനൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന അത്ഭുതം കൂടി ചേര്‍ന്നതോടെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്ക് അര്‍ജന്റീനയ്ക്ക് മുന്നിലെ തടസ്സങ്ങളെല്ലാം നിഷ്പ്രഭം.
നാലു കൊല്ലം മുന്‍പത്തെ മാനക്കേടിന് അതേ നാണയത്തില്‍ തിരിച്ചടിച്ച്, ക്രൊയേഷ്യയെ അക്ഷരാര്‍ഥത്തില്‍ മുക്കിക്കളഞ്ഞാണ് അര്‍ജന്റീന എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകിരീടത്തിന് ഒരടി മാത്രം അകലെ എത്തിയത്. അല്‍വാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായി അര്‍ജന്റീനയുടെ ജയം. മുപ്പത്തിനാലാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് മെസ്സിയാണ് ഗോള്‍ പ്രവാഹത്തിന് തുടക്കമിട്ടത്. മുപ്പത്തൊന്‍പതാം മിനിറ്റില്‍ അല്‍വാരസ് ലീഡ് ഇരട്ടിയാക്കി. അറുപത്തൊന്‍പതാം മിനിറ്റില്‍ മെസ്സിയുടെ ഒരു മാജിക്കല്‍ പാസില്‍ നിന്ന് അല്‍വാരസ് തന്നെ വിജയമുറപ്പിച്ച് ഒരിക്കല്‍ക്കൂടി വല കുലുക്കി.
2014-ന് ശേഷം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഫൈനലില്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.
മത്സരങ്ങളുടെ കൂടുതല്‍ വിവരണങ്ങളുമായി മാതൃഭൂമി പ്രതിനിധികള്‍ ചേരുന്നു. സൗണ്ട് മിക്സിങ്-സൗരവ്
12 DEC 2022 · ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ്. ഗ്രൂപ്പ് തലത്തില്‍ ആരും അത്ര വിലകല്‍പ്പിക്കാതിരുന്ന ക്രൊയേഷ്യ തങ്ങളുടെ തന്ത്രങ്ങള്‍ ഓരോ മത്സരത്തിലും കൃത്യമായി നടപ്പാക്കിയാണ് സെമിയിലേക്ക് മുന്നേറിയത്. മറുവശത്ത് ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ട ശേഷം പിന്നീട് ജീവന്‍മരണ പോരാട്ടം നടത്തിയായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും മുന്നേറ്റം. ഖത്തറില്‍ ഇവരിലാണ് കലാശപ്പോരിന് ടിക്കറ്റെടുക്കുമെന്ന് മാതൃഭൂമി സബ് എഡിറ്റര്‍ അനുരഞജ് മനോഹര്‍. കണ്ടന്റ് റൈറ്റര്‍മാരായ അഭിനാഥ് തിരുവലത്തും, അരുണ്‍ ജയകുമാറും സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Argentina vs Croatia FIFA World Cup semifinal
10 DEC 2022 · ലോകകപ്പിന്റെ അവസാന നാലില്‍ ഇതാ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സിംഹാസനമിട്ട് ഇരിപ്പുറപ്പിച്ചിരിക്കുന്നു. അറ്റ്‌ലസ് സിംഹങ്ങള്‍ എന്ന വീറുറ്റ അപരനാമം പേറുന്ന, അറബി സംസാരിക്കുന്ന മൊറോക്കോയാണ് ഒരു വന്‍കരയുടെ കൊടിയടയാളം പേറി അറബിനാട്ടിലെ ലോകകപ്പിന്റെ സെമിയില്‍ സ്ഥാനം പിടിച്ചത്. ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ മുട്ടുകുത്തിച്ചത്.
അതേസമയം കന്നി ലോകകപ്പ് സെമിയില്‍ മൊറക്കോയ്ക്ക് നേരിടാനുള്ളത് വീഞ്ഞിനേക്കാള്‍ വീര്യമുള്ള ഫ്രഞ്ച് പടയെയാണ്. നിലവിലെ ചാമ്പ്യനെ. നായകന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറിയ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.
8 DEC 2022 · വിശ്വകിരീടമുയര്‍ത്താന്‍ ഖത്തറിന്റെ കളിമുറ്റത്തെത്തിയത് 32 ടീമുകള്‍. ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും പിന്നിടുമ്പോള്‍ പേരും പെരുമയുമുള്ള ഒരുപാട് പേര്‍ പാതിയില്‍ വീണു. കപ്പിലേക്കുള്ള കുതിപ്പില്‍ അവശേഷിക്കുന്നത് എട്ട് കളിസംഘങ്ങള്‍.
ആരാധകരേ ശാന്തരാകുവിന്‍. അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സ്വപ്ന സെമിക്ക് ഒരു ജയം മാത്രം അകലെയാണ് ഇരു ടീമുകളും. പൊടിപാറുമെന്ന് ഉറപ്പുള്ള ആ പോരാട്ടം നടക്കാതിരിക്കണമെങ്കില്‍ നെതര്‍ലന്‍ഡ്സും ക്രൊയേഷ്യയും വിചാരിക്കണം.
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ കിക്കോഫ്. ആദ്യ ദിനം ബ്രസീല്‍ നേരിടുക കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ. അര്‍ജന്റീനയെ തളയ്ക്കാനിറങ്ങുന്നത് ലൂയി വാന്‍ ഗാളിന്റെ കുട്ടികള്‍ അണിനിരക്കുന്ന നെതര്‍ലന്‍ഡ്സ്. ഈ മത്സരങ്ങളില്‍ ജയിക്കുന്ന ടീമുകള്‍ ആദ്യ സെമിയില്‍ കൊമ്പുകോര്‍ക്കും.
അട്ടിമറിയുടെ വീരഗാഥ കുറിച്ചവരില്‍ അവശേഷിക്കുന്നത് മൊറോക്ക മാത്രമാണ്. ക്വാര്‍ട്ടറില്‍ എതിരാളികള്‍ സിആര്‍ 7ന്റെ പോര്‍ച്ചുഗല്‍. അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടിനേയും നേരിടും. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യന്‍ ഒപ്പം കണ്ടന്റ് റൈറ്റര്‍മാരായ അരുണ്‍ ജയകുമാറും പി. ആനന്ദും. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. | fifa world cup quarter preview analysis
6 DEC 2022 · 2022 ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്പെയിനിനെ മൊറോക്കോ അട്ടിമറിച്ചപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ആധികാരികമായി ക്വാര്‍ട്ടറിലേക്ക് മുന്നേറി.
പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സ്‌പെയിനിനെ തകര്‍ത്താണ് മൊറോക്കോ ക്വാര്‍ട്ടറില്‍ എത്തിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ മടങ്ങുന്നത്. 3-0നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം. സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. കാര്‍ലോസ് സോളറിന്റെയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെയും കിക്കുകളാണ് ബോനു തടുത്തിട്ടത്. പാബ്ലോ സരാബിയ എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്‌റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു. ബദര്‍ ബെനൗണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തു. 2018-ന് പിന്നാലെ ഇതോടെ 2022-ലും സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ മടങ്ങി.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍പ്പന്‍ വിജയം നേടുമ്പോള്‍ ആ ഉജ്ജ്വല പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത് റാമോസാണ്. മുന്നേറ്റനിരയില്‍ അത്ഭുതപ്രകടനം പുറത്തെടുത്ത റാമോസ് ഹാട്രിക്കുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 17, 51, 67 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. പെപ്പെ, റാഫേല്‍ ഗുറെയ്‌റോ, റാഫേല്‍ ലിയോ എന്നിവരും പോര്‍ച്ചുഗീസ് പടയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ 1966-ന് ശേഷം ഇതാദ്യമായാണ് പോര്‍ച്ചുഗല്‍ നാലിലധികം ഗോളുകള്‍ ഒരു മത്സരത്തില്‍ അടിച്ചുകൂട്ടുന്നത്. ഈ രണ്ട് മത്സരങ്ങളെ മാതൃഭൂമി പ്രതിനിധികളായ അനുരഞ്ജ് മനോഹര്‍, ആനന്ദ്, ആദര്‍ശ് പി.ഐ എന്നിവര്‍ വിലയിരുത്തുന്നു.സൗണ്ട് മിക്സിങ്: അജന്ത്
6 DEC 2022 · ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് അവസാനിക്കുകയാണ്. സ്പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും നേരിടുകയാണ്. ഈ മത്സരത്തിലെ സാധ്യതകള്‍ വിലയിരുത്തുന്നത് മനു കുര്യന്‍, ബി.കെ.രാജേഷ്, പ്രിയദ. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ്.പി.എസ് | FIFA World Cup 2022: Morocco vs Spain, Portugal vs Switzerland
5 DEC 2022 · അട്ടിമറികളും അത്ഭുതങ്ങളും സംഭവിച്ചില്ല. കരുത്തരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ക്രൊയേഷ്യ ജപ്പാനെയും ബ്രസീല്‍ ദക്ഷിണകൊറിയയെും മറികടന്നു. ക്വാര്‍ട്ടറില്‍ ബ്രസീലും ക്രൊയേഷ്യയും പരസ്പരം മത്സരിക്കും.
ക്രൊയേഷ്യ ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് കീഴടക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും 1-1 ന് സമനില നേടിയതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 3-1 നാണ് ക്രൊയേഷ്യയുടെ വിജയം.
മറുവശത്ത് ബ്രസീല്‍ കൊറിയയെ തകര്‍ത്തു. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കാനറികളുടെ വിജയം. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ബ്രസീല്‍ കാഴ്ചവെച്ചത്. ഈ മത്സരങ്ങളെ മാതൃഭൂമി പ്രതിനിധികളായ അനുരഞ്ജ് മനോഹര്‍, ആനന്ദ്, ആദര്‍ശ് പി.ഐ എന്നിവര്‍ വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: അജന്ത്
ഖത്തര്‍ ലോകകപ്പ് വിശേഷങ്ങള്‍
| Qatar world cup
| Qatar world cup
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Football |
Website | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company